തൃശൂര്‍: പോലീസ് ഓഫീസര്‍മാര്‍ ജനസൗഹൃദ പോലീസിംഗിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നു പുതുതായി സേനയിലേക്കു വരുന്ന സബ് ഇന്‍സ്പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ ആഹ്വാനം ചെയ്തു. അവരവരുടെ വൈദഗ്ധ്യമേഖലകള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 73 പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍, വെര്‍ച്വല്‍ അറസ്റ്റ്, ക്രിപ്റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍, സംഘടിത ലഹരിമരുന്നുവ്യാപാരം എന്നിങ്ങനെ മുന്പത്തേക്കാളും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണിന്നു പോലീസിനു നേരിടേണ്ടിവരുന്നത്.
ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയും സാങ്കേതികതയെ അടുത്തറിഞ്ഞുകൊണ്ടുംമാത്രമേ പുതുതലമുറകുറ്റകൃത്യങ്ങളെ നേരിടാനാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പരിശീലനകാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കു സംസ്ഥാന പോലീസ് മേധാവി പുരസ്കാരങ്ങൾ നൽകി. മികച്ച ഓള്‍റൗണ്ടര്‍ ഇന്‍ഡോര്‍ കേഡറ്റായി ആര്. അനന്തു ശേഖറും മികച്ച ഔട്ട്ഡോര്‍ കേഡറ്റായി കെ.എസ്. നിസാമുദീനും തെരഞ്ഞെടുക്കപ്പെട്ടു. കെ. സഞ്ജയ്യാണ് മികച്ച ഷൂട്ടര്‍.
ഐജിയും കേരള പോലീസ് അക്കാദമി ഡയറക്ടറുമായ കെ. സേതുരാമന്, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പരിശീലനാര്‍ഥികളുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.